ജിഷ്ണു കേസ്; സിബിഐ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം എഫ്‌ഐആറില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

സംസ്ഥാനത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസിലാണ് സിബിഐ ആദ്യഘട്ട നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിപ്പട്ടികയില്‍ നിലവില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. നേരത്തെ കേസേറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐ സംസ്ഥാന സര്‍ക്കാരിനെയും പിന്നീട് സുപ്രീംകോടതിയെയും എതിര്‍പ്പ് അറിയിച്ചിരുന്നു. കേസുകളുടെ ബാഹുല്യവും സിബിഐ അന്വേഷിക്കാനും മാത്രം മെറിറ്റ് കേസിനില്ലെന്നതുമാണ് ആധാരമായി ചൂണ്ടിക്കാട്ടിയത്.

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ക്യാമ്പസിലെ ഇടിമുറിയില്‍ കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിച്ചതാണ് മരണ കാരണമെന്ന് പിന്നീട് ആരോപണമുയര്‍ന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനാണ് സംഭവം വഴിതെളിച്ചത്. കേസില്‍ ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതി വരെ നടത്തിയ പോരാട്ടത്തിനൊടുവില്‍ കോടതിയിടപെട്ടാണ് സിബിഐ അന്വേഷണത്തിന് കളമൊരുങ്ങിയത്.

Shares 684

Post Your Comments

Close