ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നുവെന്നും ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും ബിജെപി സംസ്ഥാന  ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ഒരുപാട് പേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോകാതിരുന്നത് മനസ്സാക്ഷിക്കുത്തുകൊണ്ടാണെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ കുറിച്ചു.

എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടന്‍മാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടുതന്നെ ഏറ്റവും പുഛം തോന്നിയ സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാന്‍ പറ്റാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകള്‍ പോലീസ് കേരളത്തില്‍ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി.ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒറ്റയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

Post Your Comments

Close