പത്തനംതിട്ട: ശബരിമല മകരവിളക്ക് നാളെ. ഭക്തര്‍ക്ക് സുഗമമായി മകരജ്യോതി ദര്‍ശിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മകരവിളക്കിനോടനുബന്ധിച്ചുള്ള ശുദ്ധിക്രിയകളും സന്നിധാനത്ത് പുരോഗമിക്കുകയാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പദ്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് മകരവിളക്കിന് സന്നിധാനം പൂര്‍ണ്ണ സജ്ജമെന്ന് വിലയിരുത്തിയത്.
സുഗമമായ ജ്യോതി ദര്‍ശനം, തിരക്ക് നിയന്ത്രണം,സുരക്ഷ, തീര്‍ത്ഥാടകരുടെ മടക്കയാത്ര, പ്രസാദ ലഭ്യത എന്നിവ ഉറപ്പുവരുത്തിയതായി എ.പദ്മകുമാര്‍ പറഞ്ഞു.
മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രസാദ, ബിംബശുദ്ധിക്രിയകളും പുരോഗമിക്കുകയാണ്. നാളെ ഉച്ചയ്ക്ക് 1.47 നാണ് മകരസംക്രമപൂജ. മകരവിളക്ക് ദിനത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം തുടരുകയാണ്.
നാളെ വൈകിട്ട് സന്നിധാനത്ത് എത്തുന്ന തിരുവാഭരണം ചാര്‍ത്തിയാണ് സന്ധ്യാ ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിക്കും.
അതിനിടെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ നടവരുമാനവും ഗണ്യമായി വര്‍ദ്ധിച്ചു. 245 കോടി രൂപയാണ് ആകെ വരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 40 കോടി അധികം. മരവിളക്ക് കാലത്തുമാത്രം72.55 കോടി രൂപ വരുമാനം ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 20 കോടി രൂപ അധികമാണിത്.