മില്ല്യണ്‍ മാസ്‌ക് മാര്‍ച്ച് ആരംഭിച്ചു:ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങള്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സഹോദരന്റെ മരണത്തില്‍ നീതി തേടി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മാര്‍ച്ച് ആരംഭിച്ചു.

ശ്രീജിത്തിന് നീതി എന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ച് മില്ല്യണ്‍ മാസ്‌ക്ക് എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്.

‘ഔട്ട് സ്‌പോക്കണ്‍ ‘ എന്ന പ്രമുഖ ട്രോള്‍ പേജും ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ‘ എന്ന പ്രശസ്ത ഹാക്കര്‍ ഗ്രൂപ്പുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമാപിക്കും.

ആയിരക്കണക്കിന് പേരാണ് രാഷ്ട്രീയ വ്യത്യാസമന്യേ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.മാര്‍ച്ചിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാന്‍ വന്‍ പ്രചരണമാണ് നവ മാധ്യമങ്ങളില്‍ നടന്നിരുന്നത്.

അതേസമയം ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടൊവിനോയും തിരുവനന്തപുരത്ത് എത്തി.സമരപ്പന്തലില്‍ ശ്രീജിത്തിനൊപ്പം സമരത്തില്‍ പങ്ക് ചേര്‍ന്നാണ് ടൊവിനോ ഐക്യദാര്‍ഢ്യം അറിയച്ചത്.

Post Your Comments

Close