രാഷ്ട്രീയ വിവാദങ്ങളില്‍ പരസ്യ പ്രതികരണവുമായി എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്

കൊച്ചി: രാജ്യത്തെ രാഷ്ട്രീയ വിവാദങ്ങളില്‍ പരസ്യ പ്രതികരണവുമായി എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എസ്.സുദീപ് വീണ്ടും രംഗത്ത്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടും ഹൈക്കോടതിയിലെ ഒരു സീനിയര്‍ ജഡ്ജിന്റെ പരാമര്‍ശങ്ങളെ അധിക്ഷേപിച്ചുമുള്ള ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്.

ജസ്റ്റിസ് ലോയയുടെ മരണത്തെ രാഷ്ട്രീയവത്കരിക്കാന്‍ കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും കൊണ്ട് പിടിച്ച് ശ്രമിക്കുമ്പോഴാണ് അതേ വിഷയത്തിലുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നത്. രാഷ്ട്രീയാരോപണങ്ങള്‍ ശരിവയ്ക്കും വിധം രക്തസാക്ഷികള്‍ ഉണ്ടാകുന്നത് കണ്ണൂരിലും അതിര്‍ത്തിയിലും മാത്രമല്ലെന്ന് തന്നോട് പറയാതെ പറഞ്ഞത് ജസ്റ്റിസ് ലോയയാണെന്ന സബ് ജഡ്ജ് എസ്.സുദീപിന്റെ പരാമര്‍ശമാണ് ചര്‍ച്ചയായിട്ടുള്ളത്.

മാത്രമല്ല ബാര്‍കോഴക്കേസില്‍, സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ പരാമര്‍ശത്തെ അധിക്ഷേപിക്കുന്നുമുണ്ട് പ്രിന്‍സിപ്പല്‍ സബ് ജഡ്ജ്.സീസര്‍ മാത്രമല്ല, ടിയാന്റെ അമ്മായിയപ്പന്റെ കുഞ്ഞമ്മേടെ ശേഷക്കാരന്റെ മുറ്റമടിക്കാരിയും സംശയത്തിന് അതീതയായിരിക്കണമെന്ന പരിഹാസമാണ് ഈ വിഷയത്തില്‍ നടത്തിയിട്ടുള്ളത്.

ഇതിനിടെ ജഡ്ജിമാര്‍ക്കുള്ള 1999ലെ സുപ്രീംകോടതി ഫുള്‍കോര്‍ട്ട് ഗൈഡ്‌ലൈന് വിരുദ്ധമാണ് പ്രിന്‍സിപ്പല്‍ സബ്  സുദീപിന്റെ പ്രവൃത്തിയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടോ മറ്റ് കാര്യങ്ങളിലോ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പരസ്യമായ അഭിപ്രായ പ്രകടനം നടത്തരുതെന്ന നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റുകളെന്നാണ് വിമര്‍ശനം.

അതേസമയം നേരത്തെ സമാനമായ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ശാസന നേരിട്ട വ്യക്തി കൂടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് എസ്.സുദീപ്.

Shares 270

Post Your Comments

Close