മനസിലുള്ളത് മാനത്ത് കാണുക എന്ന നാടൻ ചൊല്ല് എല്ലാവർക്കും സുപരിചിതമാണ്. എന്നാലിതാ മനസുകൊണ്ട് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ മനുഷ്യനെ സഹായിക്കുന്ന സാങ്കേതിക വിദ്യ ഒരുങ്ങിയിരുക്കുന്നു. ബ്രെയിൻ കൺട്രോൾ ഉപകരണത്തിന് മൈക്രോസോഫ്റ്റ് പേറ്റന്റ് നൽകി.
കൈവിരൽ കൊണ്ടല്ലാതെ മനോവിചാരങ്ങളിലൂടെ ആപ്ലിക്കേഷൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക. കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ്. മനസുകൊണ്ട് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ മനുഷ്യനെ സഹായിക്കുന്ന ബ്രെയിൻ കൺട്രോൾ ഉപകരണത്തിന് മൈക്രോസോഫ്റ്റ് പേറ്റന്റ് നൽകി. സെൻസർ ഘടിപ്പിച്ച ഹെഡ്ബാന്റുകളുടെ സഹായത്തോടെയാണ് യന്ത്രം പ്രവർത്തിക്കുക. ആപ്ലിക്കേഷൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ തലച്ചോറിൽ നിന്നും ന്യൂറോ സിഗ്നലുകളായാണ് ഉപകരണം നിർദ്ദേശം സ്വീകരിക്കുക. ഇസിജി റീഡിംഗുകൾക്ക് സമാനമായ ഈ സിഗ്നലുകൾ ഉപകരണം ഡീകോഡ് ചെയ്തെടുക്കും. ആപ്ലിക്കേഷനുകളുടെ സ്വഭാവമനുസരിച്ച് എങ്ങനെയൊക്കെ പെരുമാറണമെന്ന് ഉപകരണത്തിന് പരിശീലനം നൽകാൻ കഴിയുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം. മൗസ് ഉപയോഗിച്ചും ബട്ടൺ പുഷിലൂടെയും ഉപകരണം പ്രവർത്തിക്കാനാകും. റെക്കോർഡ് ചെയ്യുന്ന വിവരങ്ങൾ ഡാറ്റയായി സൂക്ഷിക്കാനുള്ള കഴിവുമുണ്ട്. ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങൾ, റോബോട്ടുകൾ എന്നിവയിലും ഈ ഉപകരണങ്ങൾ പരീക്ഷിക്കാവുന്നതാണ്.