ഒരു പനിയോ ജലദോഷമോ വന്നാല്‍ അതിനുള്ള മറുമരുന്ന് ആദ്യം തന്നെ വീട്ടില്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. ആവി പിടിക്കുക, ചുക്കു കാപ്പി കുടിക്കുക എന്നതൊക്കെ ഇതില്‍ ചിലത് മാത്രം. എന്നാല്‍ ഈ അസുഖങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് നമ്മുടെ സ്വന്തം ഇഞ്ചി.
ഒരു ചെറിയ കഷണം ഇഞ്ചി വായില്‍ വച്ചതിനു ശേഷം പതിയെ ഇതിന്റെ നീര് ചവച്ചിറക്കണം. ഇതിന്റെ രുചി അല്‍പ്പം അരോചകമായി തോന്നാമെങ്കിലും, ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണിത്. ഇതുമല്ലെങ്കില്‍ ഇഞ്ചി ചെറുതായി അരിഞ്ഞതിനു ശേഷം കുറച്ച് ചൂടുവെള്ളത്തിലിടുക. അഞ്ച് മിനിട്ടിനു ശേഷം ഇഞ്ചി പിഴിഞ്ഞ് നീരെടുത്ത് ഈ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. ആവശ്യമെങ്കില്‍ ഇതിലേക്ക് ഒരു സ്പൂണ്‍ തേനും ചേര്‍ക്കാവുന്നതാണ്.
–ചായക്കു പകരം ഇഞ്ചിച്ചായ–
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഒരു ചായ നമ്മള് മലയാളികള്‍ക്ക് നിര്‍ബന്ധമാണ്. ചായയിലേക്ക് ഒരു കഷണം ഇഞ്ചി കൂടി ഇട്ട് ഇഞ്ചിച്ചായ ആക്കിയാലോ. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നല്ലൊരു വഴി കൂടിയാണിത്. അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങള്‍ വരാതിരിക്കാനും മലബന്ധം ഒഴിവാക്കാനും ഏറെ നല്ലതാണ് ഇഞ്ചിച്ചായ.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. ക്യാന്‍സറിന് കാരണമാകുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ഇല്ലാതാക്കാനും ഇഞ്ചിക്ക് കഴിയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.