പൂനെ: അവസാന മിനിറ്റിൽ സി.കെ.വിനീത് നേടിയ ഉജ്ജ്വലഗോളിൽ കേരള ബ്ളാസ്റ്റേഴ്സ് ഐ.എസ്.എല്ലിൽ സെമി സാധ്യത നിലനിർത്തി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പൂനെ സിറ്റി എഫ്.സിയെയാണ് ബ്ളാസ്റ്റേഴ്സ് തോൽപ്പിച്ചത്.
58-ാം മിനിറ്റിൽ ജാക്കിചന്ദ് സിംഗ് ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. പെനാൽറ്റിയിലൂടെ 79-ാം മിനിറ്റിൽ എമിലിയാനോ പൂനെയെ ഒപ്പമെത്തിച്ചു. 93-ാം മിനിറ്റിൽ ഇഞ്ച്വറി ടൈമിലാണ് സി.കെ.വിനീതിന്റെ വിജയഗോൾ പിറന്നത്. സെമി സാധ്യത നിലനിർത്താൻ ബ്ളാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമായിരുന്നു.
ജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ബ്ളാസ്റ്റേഴ്സിനു സെമി ബർത്ത് ഉറപ്പിക്കാനാകും. 22 പോയിന്റുകളുള്ള പൂനെ നിലവിൽ മൂന്നാം സ്ഥാനത്താണ് .