കൊച്ചി: നവമാദ്ധ്യമങ്ങളിൽ തരംഗമായ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം പിൻവലിക്കുവാനുള്ള തീരുമാനം അണിയപ്രവർത്തകർ ഉപേക്ഷിച്ചു. പാട്ടിന് ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് പാട്ട് പിൻവലിക്കുമെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചിരുന്നു. പാട്ട് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യുമെന്നും ഒമർ പറഞ്ഞിരുന്നു.
നേരത്തെ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഹൈദരാബാദിലെ ഫലാക്നുമ പൊലീസ് സ്റ്റേഷനിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു സംഘം പരാതി നൽകിയത്. പ്രിയ പ്രകാശ് വാര്യർ തകർത്തഭിനയിച്ച മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടിനെതിരെയാണ് പരാതി.
പാട്ടിലെ വരികൾ മുസ്ളിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. അസദുദ്ദീൻ ഒവൈസി വിഷയത്തിൽ ഇടപെടണമെന്നും യുവാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 9 നായിരുന്നു പാട്ട് പുറത്തിറക്കിയത്. ദിവസങ്ങൾക്കുള്ളിൽ പാട്ട് സൂപ്പർ ഹിറ്റാവുകയും ചെയ്തു. യൂട്യൂബിൽ ഒന്നരക്കോടിയിൽ അധികം ആളുകൾ കാണുകയും ചെയ്തു.
പാട്ടിലെ നായികയായ പ്രിയക്ക് ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സും ഉണ്ടായി. പാട്ട് റിലീസാവുമ്പോൾ രണ്ടായിരം ഫോളോവേഴ്സ് ഉണ്ടായിരുന്നു പ്രിയ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിനെയും യുവതാരം ദുൽഖർ സൽമാനെയും പിന്തള്ളി.