കോഴിക്കോട്: സ്വകാര്യ ബസ് സമരത്തിൽ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ബസ്സ് ഉടമകളുമായി ചർച്ച നടത്തും. നാളെ വൈകീട്ട് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചർച്ച. വിദ്യാർത്ഥികളുടെ ചാർജ്ജ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യമായിരിക്കും ബസ്സുടമകൾ പ്രധാനമായും മുന്നോട്ടുവയ്ക്കുക.
സമരം രണ്ട് ദിവസം പിന്നിട്ടതോടെയാണ് ബസ് ഉടമകളുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇത് കൂടാതെ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന പ്രഖ്യാപനവും ചർച്ചയ്ക്ക് സർക്കാരിനെ പ്രേരിപ്പിച്ചു.
ആദ്യഘട്ടത്തിൽ മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ആവശ്യം ശക്തമായിരുന്നു . എന്നാൽ പിന്നീട് ഇക്കാര്യത്തിൽ നിലപാട് മയപ്പെടുത്തിയ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.