സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് ജയം. നെയ്മറിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് വിയ്യാ റയലിനെ ബാഴ്സ തകർത്തത്. മറ്റൊരു മത്സരത്തിൽ റയൽമാഡ്രിഡിനെ സെവിയ്യ അട്ടിമറിച്ചു.
ലയണൽ മെസിയുടെ അഭാവം ബാഴ്സ മുന്നേറ്റനിരയുടെ പ്രഹരശേഷി കുറച്ചില്ല. ന്യൂ കാമ്പിൽ വിജയ പരമ്പര തീർക്കാനിറങ്ങിയ നെയ്മറും സംഘവും ആരാധകരെ മൂന്ന് ഗോളുകൊണ്ട് വിരുന്നൂട്ടി. വിരസമായ ആദ്യ പകുതിയ്ക്ക് ശേഷമായിരുന്നു ബാഴ്സയുടെ ഗോളുകൾ.
അറുപതാം മിനിട്ടിൽ ബുസ്കറ്റ്സിന്റെ പാസിൽ നെയ്മർ, പത്ത് മിനിട്ടിനുള്ളിൽ പെനാൽറ്റിയിലൂടെ സുവാരസ്, 85-ാം മിനിട്ടിൽ സുവാരസ് കൈമാറിയ പാസ് വലയിലാക്കി നെയ്മർ പട്ടിക പൂർത്തിയാക്കി.
ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
കരുത്തരായ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെവിയ്യ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ഒരു ഗോളിന് സ്പോർട്ടിംഗ് ഗിജോണിനെ കീഴടക്കി.