കൊച്ചി: തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസിടിച്ച് പരിക്കേറ്റ നാടോടി വൃദ്ധന് റോഡില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
സംഭവംനടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് സ്ഥലത്ത് എത്തിയതായി ചെന്നിത്തല പറഞ്ഞു. ഇരുകാലുകളും മുറിഞ്ഞ് ചോര വാര്‍ന്ന് കിടന്നതിനാല്‍ പൊലീസ് ജീപ്പില്‍ ഇയാളെ കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു. 12 മിനിറ്റുകള്‍ക്കുളളില്‍ ആംബുലന്‍സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ പൊലീസിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ട്രോള് റൂമിന്റെ വാഹനം ഉള്‍പ്പെടെ സമീപത്ത് ഉണ്ടായിരുന്നിട്ടും വൃദ്ധനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. റോഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇയാളുടെ സമീപത്ത് നിന്ന് വാഹനങ്ങള്‍ നിയന്ത്രിക്കുക മാത്രമാണ് പൊലീസ് ചെയ്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവന്നതോടെയാണ് ചെന്നിത്തല ഡിജിപിയോട് വിശദീകരണം തേടിയത്.