ഇറ്റലി: ഇരുപത് വര്‍ഷം മുന്‍പ് കാണാതായ സ്പാനിഷ് ഡോക്ടറെ കൊടും വനത്തിനുള്ളില്‍ നിന്നും കണ്ടെത്തി. ചാര്‍ളോസ് സാഞ്ചെസ് എന്ന സ്പാനിഷ് മനശാസ്ത്രജ്ഞനെയാണ് മധ്യ ഇറ്റലിയിലെ ടെസ്കാനിയയിലുള്ള കാട്ടില്‍ നിന്നും വനവാസികള്‍ കണ്ടെത്തിയത്.
1995–ലാണ് വീട്ടുകാര്‍ അറിയാതെ 26 കാരനായ ചാര്‍ളോസ് സാഞ്ചെസ് നാടുവിട്ടത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഒളിച്ചോട്ടം. 2010 വരെ ഇയാള്‍ക്കായി കുടുംബാംഗങ്ങളും പൊലീസും നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് സാഞ്ചെസ് മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വനവാസികളാണ് ഇരുപത് വര്‍ഷമായി കാട്ടിനുള്ളില്‍ ടെന്റ് കെട്ടി താമസിക്കുകയായിരുന്ന സാഞ്ചെസിനെ കണ്ടെത്തിയത്. ഇവരോട് താന്‍ സ്പാനിഷ് വംശജനാണെന്ന്‍ സാഞ്ചെസ് വെളിപ്പെടുത്തുകയും കയ്യിലുള്ള പാസ്പോര്‍ട്ടും കാണിക്കുകയുമായിരുന്നു.