പാറ്റ്ന: ബിഹാര്‍ നിയമസഭയിലെ 143 എംഎല്‍എമാരും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. സഭയുടെ മൊത്തം അംഗബലത്തിന്റെ 59 ശതമാനം വരും ഇത്. ഇവരില്‍ 96 പേര് കൊലപാതകവും തട്ടിക്കൊണ്ടുപോകലും അടക്കമുളള ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ നടപടി നേരിടുന്നവരാണ്.
12 പേര് കൊലപാതകക്കേസുകളിലും 26 പേര് കൊലപാതകശ്രമങ്ങളിലും പ്രതികളാണ്. ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എംഎല്‍എമാരില്‍ ആര്‍ജെഡിയാണ് മുന്നില്‍. ഇവരുടെ നിയമസഭയിലെ മൊത്തം അംഗസംഖ്യയില്‍ പകുതിയിലേറെ പേരും ഇത്തരം കേസുകളില്‍ അകപ്പെട്ടവരാണ്. 80 എംഎല്‍എമാരാണ് ആര്‍ജെഡിക്ക് ഉള്ളത്. ഇതില്‍ 49 പേരും കേസുകളില്‍ നടപടി നേരിടുന്നവരാണ്.
കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളുടെ എണ്ണത്തില്‍ ആര്‍ജെഡിയുടെ സഖ്യകക്ഷിയായ ജെഡിയുവും ഒട്ടും പിന്നിലല്ല. ജെഡിയുവിന്റെ 71 എംഎല്‍എമാരില്‍ 37 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ബിഹാറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 3450 സ്ഥാനാര്‍ഥികളില്‍ 1038 പേര്‍ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.