തിരുനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയുടെ രാജിക്കായി മുറവിളി ഉയരവേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ചെയര്മാന് കെ.എം മാണിയെയും വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫിനെയും ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തിലാണ് തീരുമാനം. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് യോഗത്തിന് ശേഷം സിഎഫ് തോമസ് വ്യക്തമാക്കി.
മാണിക്കൊപ്പം തോമസ് ഉണ്ണിയാടനും പി.ജെ ജോസഫും രാജിവെയ്ക്കണമെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. രാജിക്ക് തോമസ് ഉണ്ണിയാടന് തയ്യാറായെങ്കിലും പി.ജെ ജോസഫ് വഴങ്ങിയില്ല. ഇതിനൊടുവിലാണ് അന്തിമ തീരുമാനമെടുക്കാന്‍ ജോസഫിനെയും മാണിയെയും യോഗം ചുമതലപ്പെടുത്തിയത്. രാജി വെയ്ക്കാനുളള തീരുമാനം വ്യക്തിപരമാണെന്നായിരുന്നു മാണി യോഗത്തില്‍ വിശദീകരിച്ചത്.
പ്രശ്നത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തതായി സിഎഫ് തോമസ് പറഞ്ഞു. രാജിക്കാര്യത്തില്‍ ഭിന്നതയുണ്ടോയെന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടാണെന്നായിരുന്നു സിഎഫ് തോമസിന്റെ പ്രതികരണം. പാര്‍ട്ടിയുടെ തീരുമാനം പിന്നീട് യുഡിഎഫ് നേതൃത്വത്തെ അറിയിക്കും.