ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് -1 ഇ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.31ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹവും വഹിച്ച് രാവിലെ 9.31 ന് പിഎസ്എല്‍വി സി-31 കുതിച്ചുയര്‍ന്നത്.
24 മണിക്കൂറും ഭൂമിയെ വലംവെയ്‌ക്കുന്ന ജിഎസ്ഒ ആണ് നാവിഗേഷന്‍ ഉപഗ്രഹത്തിന്റെ ഭ്രമണപഥം. കര്‍ണാടകയിലെ ഹാസനിലുള്ള മിഷന്‍ കണ്‍ട്രോള്‍ കേന്ദ്രത്തിലായിരിക്കും ഇനി ഉപഗ്രഹത്തിന്റെ നിയന്ത്രണം. പ്രകൃതി ദുരന്തസമയങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വാഹന ഗതാഗതത്തിനും സൈനിക വിന്യാസത്തിനും ഉപഗ്രഹം സഹായകമാകും.
അമേരിക്കയുടെ ഗതി നിര്‍ണയ സംവിധാനമായ ജിപിഎസിനു ബദലായി ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഐആര്‍എന്‍എസ്എസ്-1 ഇ. കര-ജല-വ്യോമ ഗതാഗതത്തെ സഹായിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. 1425 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ് പത്ത് വര്‍ഷമാണ്.
ഏഴ് ഉപഗ്രഹങ്ങളാണ് ഈ പരമ്പരയില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. ഇതില്‍ അഞ്ചാമത്തേതാണ് ഐആര്‍എന്‍എസ്എസ്-1 ഇ. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അടുത്ത രണ്ട് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും. ഐആര്‍എന്‍എസ്എസ് വണ്‍ എ, ബി, സി, ഡി, ഉപഗ്രഹങ്ങളാണ് നേരത്തെ വിക്ഷേപിച്ചിട്ടുള്ളത്. 1420 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്.