ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സര്‍വ്വകലാശാലയില്‍ തീവ്രവാദി ആക്രമണം. ഖൈബര്‍ പഖ്തൂങ്ഖ്വയിലെ ഛര്‍സാദ നഗരത്തിലെ ബച്ഛാ ഖാന് സര്‍വ്വകലാശാലയിലാണ് ആക്രമണം ഉണ്ടായത്. ബച്ഛാ ഖാന്റെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയില്‍ കവിതാപാരായണം നടന്നുകൊണ്ടിരിക്കെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
അക്രമികളില്‍ നാല് പേരെ വധിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു. പതിനഞ്ചോളം പേര് കൊല്ലപ്പെട്ടതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. സര്‍വ്വകലാശാലയുടെ മതില് ചാടിക്കടന്നാണ് തീവ്രവാദികള്‍ അകത്ത് കടന്നതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ സംഘങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഖൈബര്‍ പഖ്തൂങ്ഖ്വ
എട്ടോ പത്തോ തീവ്രവാദികള്‍ ഇനിയും ക്യാമ്പസിനുളളില്‍ അവശേഷിക്കുന്നുണ്ടെന്നാണ് നിഗമനം. കൂടുതല്‍ സൈനികര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ശക്തമായ സ്ഫോടന ശബ്ദവും വെടിവെയ്പും പുറത്ത് കേള്‍ക്കുന്നതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു.
ക്യാമ്പസിലെ രണ്ട് ബ്ലോക്കുകളിലായി തീവ്രവാദികള്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഇവരുടെ നീക്കങ്ങള്‍ വ്യോമനിരീക്ഷണത്തിലൂടെ മനസിലാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂടുതല്‍ ആംബുലന്‍സുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
വിവരം അറിഞ്ഞ് വിദ്യാര്‍ഥികളുടെ ബന്ധുക്കളും സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ തടിച്ചുകൂടിയെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇവരെയും മാദ്ധ്യമപ്രവര്‍ത്തകരേയും അകറ്റി നിര്‍ത്തിയിരിക്കുകയാണ്.