തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ പ്രകാരം നിസാം കുറ്റക്കാരനാണെന്ന് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി. സുധീര്‍ ബുധനാഴ്ച വിധിച്ചിരുന്നു.
കൊലപാതകം മുന്‍ വൈരാഗ്യം മൂലമാണെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302,323,324,326, 427,449,506 വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആയതിനാല്‍ വധശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ വാദിച്ചു. കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിനു അഞ്ച് കോടി രൂപ നിസാം നഷ്ടപരിഹാരം നല്‍കണമെന്നും പ്രോസിക്യൂഷന് ഉന്നയിച്ചിട്ടുണ്ട്.
79 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2015 ജനവരി 29ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായിയായ നിസാം കാറിടിപ്പിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ച് കൊലപ്പെടുത്തിയത്.