തിരുവനന്തപുരം: രണ്ട് ദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ബാര്‍ കോഴക്കേസില്‍ കോടതിയുടെ വിരുദ്ധ പരാമര്ശങ്ങള്ക്കിടയായ ധനമന്ത്രി കെ.എം മാണി രാജി പ്രഖ്യാപിച്ചു. മാണിയോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടനും രാജിവെച്ചു.
പി.ജെ ജോസഫിനെയും രാജി വെപ്പിച്ച് യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നടത്തിയ അവസാന ശ്രമവും വിഫലമായതോടെയാണ് മാണി രാത്രി 8.10 ഓടെ രാജി തീരുമാനം പ്രഖ്യാപിച്ചത്.
യുഡിഎഫില്‍ തുടരുമെന്ന് മാണി വ്യക്തമാക്കി. മുഖ്യമന്ത്രിയും സഹമന്ത്രിമാരും നല്കിയ പിന്തുണയ്ക്ക് മാണി നന്ദി പറഞ്ഞു. രാജി ആവശ്യത്തെ പ്രതിരോധിക്കാന്‍ നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് മാണി രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് നല്കാന് പോലും അദ്ദേഹം തയ്യാറായില്ല. ജോസഫ് എം പുതുശേരിയും റോഷി അഗസ്റ്റിനും വഴി കത്ത് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിടുകയായിരുന്നു.
നിയമമന്ത്രി എന്ന നിലയില്‍ നിയമവ്യവസ്ഥയോടുളള ആദരസൂചകമായിട്ടാണ് താന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതെന്ന് മാണി പറഞ്ഞു.