ബംഗളൂരു: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ബംഗളൂരു ഫ്രഞ്ച് കോണ്‍സുലേറ്റില്‍ ഭീഷണി കത്ത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി ഫ്രാന്‍സ്വ ഒലാന്ദെ എത്തുന്നതിന് എതിരായാണ് ഭീഷണി. കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ജനുവരി 24 ന് ചണ്ഡിഗഡില്‍ എത്തുന്ന ഫ്രാന്‍സ്വ ഒലാന്ദിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്വീകരിക്കുക. ചണ്ഡിഗഡ് സന്ദര്‍ശിക്കണമെന്ന ഫ്രാന്‍സ്വ ഒലാന്ദിന്റെ ആഗ്രഹപ്രകാരമാണ് സ്വീകരണം ചണ്ഡിഗഡിലാക്കിയിരിക്കുന്നത്. ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ എത്തിയായിരിക്കും നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിക്കുക.
ഫ്രാന്‍സ്വ ഒലാന്ദിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒലാന്ദിന് ഐ എസ് ഭീഷണിയുള്ളതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 80,000 ഡല്‍ഹി പൊലീസും 10,000 പ്രത്യേക സുരക്ഷാ സംഘവുമാണ് സുരക്ഷ ഒരുക്കുന്നത്. കൂടാതെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ എല്ലാ നിശ്ചല ദൃശ്യങ്ങള്‍ക്കും രണ്ട് ബിഎസ്എഫ് ജവാന്മാരുടെ സുരക്ഷയും ഉണ്ടാകും.