തിരുവനന്തപുരം: ബാര്‍ കോഴയില്‍ കെ.എം മാണി തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയുടെ രാജി സ്വീകരിച്ച ശേഷം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹൈക്കോടതി വിധിയില്‍ ചില പരാമര്‍ശങ്ങള്‍ വന്നുവെന്നത് ഒഴിച്ചാല്‍ മാണിയുടെ മേല്‍ ഒരു കുറ്റവും ആരോപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നതമായ രാഷ്ട്രീയ മൂല്യം ഉയര്‍ത്തിയാണ് മാണിയുടെ രാജിയെന്നും അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. താനോ യുഡിഎഫോ രാജി ആവശ്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അത്തരം നിര്‍ദ്ദേശങ്ങള്‍ തന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
1975 മുതല്‍ യുഡിഎഫിന്റെ അവിഭാജ്യഘടകമായാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. അന്ന് മുതല്‍ മാണി യുഡിഎഫിന്റെ ശക്തിസ്രോതസ് ആയിരുന്നുവെന്ന്് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെയും കെ.എം മാണിയുടെയും നിലപാടുകള്‍ അറിഞ്ഞ് യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യം നല്‍കുകയായിരുന്നു പാര്‍ട്ടി ദേശീയനേതൃത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിലെ മുതിര്‍ന്ന അംഗമാണ് കെ.എം മാണി. അദ്ദേഹത്തിന്റെ സേവനം സര്‍ക്കാരിന് മുതല്‍ക്കൂട്ടാണ്. നിരപരാധിത്വം തെളിയിച്ച് എത്രയും വേഗം മാണി തിരിച്ചുവരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.