കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കുറ്റവാളിയല്ലെങ്കില് പി. ജയരാജന് എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് ബിജെപിസംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കുറ്റവാളിയല്ലെങ്കില് തന്റേടത്തോടെ അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്നും കുമ്മനം കണ്ണൂരില്‍ പറഞ്ഞു. വിമോചന യാത്രയ്ക്കിടെ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്.
ഇപ്പോഴും കേസില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് ജയരാജന് പറയുന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയരാജനെ പ്രതിയാക്കിക്കഴിഞ്ഞു. ഇനിയെങ്കിലും അന്വേഷണ നടപടികളോട് സഹകരിക്കുകയാണ് ജയരാജന് ചെയ്യേണ്ടതെന്നും അല്ലാതെ കുതന്ത്രം മെനയുകയല്ല വേണ്ടതെന്നും കുമ്മനം പറഞ്ഞു.
അന്വേഷണത്തെ സ്വതന്ത്രമായി വിടുകയാണ് വേണ്ടത്. ആശുപത്രിയില്‍ കിടക്കുന്നത് അസുഖം മൂലമാണെങ്കില്‍ ജയരാജന് മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകട്ടെയെന്നും കുമ്മനം ആവശ്യപ്പെട്ടു. മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐ ഇന്ന് പ്രതിചേര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. കേസില്‍ പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.