പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടിന് സമീപമുള്ള ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ ബിഎസ്എഫ് ഏറ്റുമുട്ടലില്‍ വധിച്ചു. പാകിസ്ഥാനില്‍ നിന്നും പത്താന്‍കോട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാള്‍ ഭീകരനാണോ മയക്കുമരുന്ന് മാഫിയയിലെ അംഗമാണോ എന്ന് വ്യക്തമായിട്ടില്ല. മൂന്നുപേരാണ് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ടുപേര്‍ പാക് അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു.
പത്താന്‍കോട്ട് വ്യോമത്താവളത്തിലെ ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തി കനത്ത സുരക്ഷയിലും കര്‍ശന നിരീക്ഷണത്തിലുമാണ്. ഇതിനിടെ, ഐറ്റിബിപി ഐജിയുടെ നീല ബീക്കണ്‍ ഘടിപ്പിച്ച വാഹനം കഴിഞ്ഞ ദിവസം മുതല്‍ കാണാതായതായി റിപ്പോര്‍ട്ട് ഉണ്ട്. ഇതുവരെ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.