പൂനെ : നാടോടി ബാലനെ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ മതപരമായ മാനങ്ങളുണ്ടെന്ന് പിതാവ് . ഹിന്ദുവാണെന്നറിഞ്ഞതിനു ശേഷമാണ് മകനെ പെട്രോളൊഴിച്ച് കത്തിച്ചതെന്ന് കൊല്ലപ്പെട്ട നാടോടി ബാലന്റെ പിതാവ് ധർമ്മ റാത്തോഡ് ആരോപിച്ചു.
കഴിഞ്ഞ ജനുവരി 13 നാണ് ധർമ്മ റാത്തോഡിന്റെ മകൻ സാവൻ റാത്തോഡിനെ ഇമ്രാൻ , സുബൈർ, ഇബ്രാഹിം എന്നിവർ പെട്രോളൊഴിച്ച് കത്തിച്ചത് . ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു . എന്നാൽ തന്റെ മകൻ ഹിന്ദുവാണെന്ന് അറിഞ്ഞതിനു ശേഷമാണ് പ്രതികൾ ഈ ക്രൂരത കാട്ടിയതെന്ന് ധർമ്മ റാത്തോഡ് പോലീസിനോട് പറഞ്ഞു.
എന്നാൽ സംഭവത്തിൽ മതപരമായ കാര്യങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത് . ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് സാവൻ റാത്തോഡിനെ പ്രതികൾ രണ്ടോ മൂന്നോ സ്ഥലങ്ങളിൽ കൊണ്ടു പോയി കുറ്റം ഏറ്റ് പറയിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത് . സാവനെ ബലം പ്രയോഗിച്ച് പെട്രോൾ കുടിപ്പിച്ചതിനു ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ .
സാവന്റെ കൊലപാതകത്തിലെ ഭീകര ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഞ്ചാര സമൂഹത്തിന്റെ പ്രതിനിധികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . ഹിന്ദുവായതിനാലാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് സാവൻ പറയുന്ന വീഡിയോയും അവർ ഹാജരാക്കി .