തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ബാറുമട ബിജു രമേശ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് മന്ത്രി ബാബുവിന് അദ്ദേഹത്തിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ താന്‍ നേരിട്ട് എത്തി പണം കൈമാറിയതായാണ് ബിജു രമേശിന്റെ ആരോപണം. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ ബാബു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും ബിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെളിവ് വേണമെങ്കില്‍ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയാവും. ബാബുവിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് കൃഷ്ണദാസ് പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള പോളക്കുളം ഗ്രൂപ്പാണ്.
ബാബുവിന്റെ സ്പോണ്‍സറും പോളക്കുളം ഗ്രൂപ്പാണ്. ബാബുവിനെതിരേ താന്‍ നല്കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയില്ല. ആരോപണങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ ബാബു തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.
തനിക്കെതിരേ ബാബു നല്കിയ മാനനഷ്ടകേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അതിനായി താന്‍ ദൂതനെ അയച്ചു എന്ന ബാബുവിന്റെ ആരോപണം തെറ്റാണെന്നും ബിജു പറഞ്ഞു. ബാബുവിനെതിരേ ഈ ആഴ്ച തന്നെ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എം. മാണിക്കെതിരായ ആരോപണങ്ങള്‍ ബാബുവിനെതിരേയും നില്‍ക്കുന്നുണ്ട്. കെ. ബാബു തന്റെ ആസ്തി വെളിപ്പെടുത്തണം. രാഷ്ട്രീയ രംഗത്ത് വന്നശേഷം കോടികളുടെ ആസ്തിയാണ് ബാബുവിനുണ്ടായത്. ബാബുവിന്റെ ആസ്തി വിജിലന്‍സ് പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ബിജു രമേശ് ചോദിച്ചു.