ന്യൂഡൽഹി : നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നടന്ന നേതാജി ഫയലുകൾ പ്രസിദ്ധപ്പെടുത്തൽ ചടങ്ങ് വൈകാരികമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു . ഫയലുകൾ പരസ്യമാക്കാനുള്ള ബട്ടണിൽ പ്രധാനമന്ത്രി വിരലമർത്തിയതോടെ നേതാജിയുടെ ബന്ധുക്കളുടേയും മറ്റ് ദേശസ്നേഹികളുടേയും വർഷങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്
തങ്ങളുടെ പ്രിയങ്കരനായ സുഭാഷിനെപ്പറ്റിയുള്ള ഫയലുകളും കത്തുകളും ബന്ധുക്കളെ കണ്ണീരണിയിച്ചു . വൈകാരിക വിക്ഷോഭത്താൽ പലർക്കും വാക്കുകൾ തന്നെ കിട്ടുന്നുണ്ടായിരുന്നില്ല . പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നേതാജിയുടെ പിൻഗാമികൾ അഭിനന്ദനങ്ങളർപ്പിച്ചു.
സുതാര്യതയുടെ ദിനമാണിതെന്നാണ് നേതാജിയുടെ ചെറുമരുമകൻ ചന്ദ്രകുമാർ ബോസ് പറഞ്ഞത് . മുൻ സർക്കാരിന്റെ നയങ്ങളിൽ നിന്നുള്ള പ്രകടമായ മാറ്റമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . കോൺഗ്രസ് ഭരണകാലത്ത് ചില ഫയലുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബോസ് റഷ്യ, ഇംഗ്ലണ്ട് ,ജർമ്മനി , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രേഖകളും പരസ്യമാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു .
രാജ്യം ഈ നിമിഷങ്ങളുക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നെന്ന് നേതാജിയുടെ മരുമകൾ അർദ്ധേന്ദു ബോസ് പറഞ്ഞു. ചില ഫയലുകൾ കോൺഗ്രസ് ഭരണ കാലത്ത് നശിപ്പിക്കപ്പെട്ടിരിക്കാമെന്ന സംശയം അർദ്ധേന്ദു ബോസും പങ്കുവച്ചു.
സുഭാഷ് ബോസിന്റെ നൂറ്റിപ്പത്തൊൻപതാം ജന്മ വാർഷിക ദിനത്തിന്റെയന്ന് നാഷണൽ ആർക്കൈവ്സിൽ നടന്ന പ്രസിദ്ധീകരണ ചടങ്ങിൽ നേതാജിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു . കേന്ദ്രമന്ത്രിമാരായ മഹേഷ് ശർമയും ബബുൽ സുപ്രിയോയും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് നേതാജിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഫയലുകൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എല്ലാ മാസവും ഇരുപത്തഞ്ച് ഫയലുകൾ വീതം പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുമെന്നും നാഷണൽ ആർക്കൈവ്സ് അറിയിച്ചു.
ഫയലുകൾ http://netajipapers.gov.in/ എന്ന സൈറ്റിൽ ലഭ്യമാകും