ന്യൂഡല്‍ഹി: അമിത് ഷായെ വീണ്ടും ബിജെപി ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഐക്യകണ്ഠേനയായിരുന്നു അമിത് ഷായെ വീണ്ടും പാര്‍ട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുത്തത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുളളവരാണ് അമിത് ഷായുടെ പേര് വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ഭിന്നാഭിപ്രായമില്ലാതെ മറ്റ് നേതാക്കളും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. രാജ്നാഥ് സിംഗ് കേന്ദ്രമന്ത്രിയായതിനെ തുടര്‍ന്ന് 2014 ജൂലൈയിലാണ് അമിത് ഷാ പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.
അ്മിത് ഷായുടെ തെരഞ്ഞെടുപ്പ് പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷമാക്കുകയാണ്. അശോകാ റോഡിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ വന്‍തോതില്‍ ഒഴുകുകയായിരുന്നു. വലിയ ഡ്രമ്മുകള്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് ഇവര്‍ ആഘോഷമാക്കിയത്. ഡല്‍ഹിക്ക് പുറമേ ബംഗലൂരുവിലും ലക്്നോവിലും പ്രവര്‍ത്തകര്‍ ആഘോഷമായി തെരുവിലിറങ്ങി.
ബിജെപിയുടെ ആശയങ്ങളോടുളള പ്രതിബദ്ധതയും സംഘടനാ പാടവവും ആണ് അമിത് ഷായെ വ്യത്യസ്തനാക്കുന്നതെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ വെങ്കയ്യ നായിഡു പറഞ്ഞു. ഉചിതനായ വ്യക്തിയാണ് ബിജെപിയുടെ അദ്ധ്യക്ഷനായിരുക്കന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് വിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.