കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണത്തിന് ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി നിരസിച്ചു. കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങളില്‍ വലഞ്ഞിരിക്കുന്ന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിലപാട് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
ഹൈക്കോടതി പരിഗണിക്കുന്ന കേസിലാണ് വിജിലന്‍സ് കോടതി ഇടപെട്ടതെന്നും വിജിലന്‍സ് രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഗൗരവത്തോടെ കാണണമെന്നുമായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ വാദം. അതേസമയം വിജിലന്‍സ് കോടതി നിരീക്ഷണങ്ങള്‍ ഹൈക്കോടതി പരിഗണിക്കുന്ന കേസിനെ സ്വാധീനിക്കില്ലന്നു ഹൈക്കോടതി വ്യക്തമാക്കി. കെ. ബാബുവിന്റെ രാജി ഒഴിവാക്കാനുളള ശ്രമത്തി്ന്റെ ഭാഗമായിട്ടായിരുന്നു സര്‍ക്കാര്‍ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉളളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആവശ്യം നിരസിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് അനുചിതമാണെന്നും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ഈ ഇടപെടലെന്നുമുളള സര്‍ക്കാര്‍ വാദം കോടതി ശരിവെച്ചു. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ് ജസ്റ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബാബുവിന്റെ രാജി ഗവര്‍ണറുടെ അടുത്തെത്തുന്നതിന് മുന്‍പ് ഹൈക്കോടതിയില്‍ നിന്നും അനൂകൂല പരാമര്ശമുണ്ടാക്കി രാജി പിന്‍വലിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെ ലക്ഷ്യം.