ന്യൂഡല്‍ഹി: പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍, ചലച്ചിത്ര താരം രജനീകാന്ത് എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.
രാമോജി ഫിലിം സിറ്റി സ്ഥാപകന്‍ രാമോജി റാവു, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറും കേന്ദ്രമന്ത്രിയുമായിരുന്ന ജഗ്മോഹന്, ഭരതനാട്യ, കുച്ചിപ്പുടി നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി, സംഗീതജ്ഞ ഗിരിജാ ദേവി, കാന്‍സര്‍ രോഗ വിദഗ്ധയും അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍പേഴ്സണുമായ ഡോ. വിശ്വനാഥന് ശാന്ത, ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ അവിനാശ് ദീക്ഷിത്, ഡോ. വാസുദേവ് എന്നിവരാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റ് വിശിഷ്ടവ്യക്തികള്‍. റിലയ്ന്‍സ് സ്ഥാപകനും അന്തരിച്ച വ്യവസായിയുമായ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.
അനുപം ഖേര്‍, ഉദിത് നാരായണ്‍ ഝാ എന്നിവരടക്കം 19 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. ഇതില്‍ കേരളം നിര്‍ദ്ദേശിച്ച മുന്‍ സിഎജി വിനോദ് റായി, സ്വാമി ദയാനന്ദ സരസ്വതി, കായിക താരങ്ങളായ സാനിയ മിര്‍സ, സൈന നെഹ്വാള്, എന്നിവര്‍ ഉള്‍പ്പെടും. സംസ്കൃത പണ്ഡിതനായ എന്‍.എസ് രാമാനുജ തതാചാര്യ, ഗ്യാസ്ട്രോ എന്റോളജിസ്റ്റ് ഡി. നാഗേശ്വര്‍ റെഡ്ഡി, ശാസ്ത്രജ്ഞന് എ.വി രാമറാവു തുടങ്ങിയവര്‍ക്കും ബഹുമതി ലഭിച്ചു.
സാമൂഹ്യസേവനത്തിന് ഗാന്ധിയനും മലയാളിയുമായ പി.പി ഗോപിനാഥന് നായര്‍, അമ്പെയ്ത്ത് താരം ദീപിക കുമാരി, ഭരതനാട്യ കലാകാരി പ്രതിഭ പ്രഹഌദ്, ഗുജറാത്ത് ഫോക് സംഗീതജ്ഞനായ ഭിഗൂധന് ഗദ്വി, സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്, ബോളിവുഡ് സിനിമാ താരങ്ങളായ പ്രിയങ്ക ചോപ്ര, അജയ് ദേവ്്ഗണ്, സിനിമാ നിര്‍മാതാവ് മധുര് ഭണ്ഡാര്‍കര്‍, മുംബൈ ഭീകരാക്രമണകേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നിഗം എന്നിവര്‍ അടക്കം 83 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.