ന്യൂഡല്‍ഹി: ഇന്ത്യയുടെ അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്കായി കനത്ത സുരക്ഷാ വലയത്തില്‍ ഡല്‍ഹി ഒരുങ്ങി. രാജ്പഥില്‍ നടക്കുന്ന
ആഘോഷ ചടങ്ങുകളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ് മുഖ്യാതിഥിയാകും.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍.എസ്.ജി
കമാന്‍ഡോകള്‍ ഉള്‍പ്പെടെ വന്‍ സൈനിക സന്നാഹമാണ് ഡല്‍ഹിയില്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്. ലഷ്കര്‍, ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനകളാണ്
ഇന്ത്യയില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ഇതിനിടെ, ഡല്‍ഹിയില്‍ നിന്നും മൂന്നാമത് കാര്‍ കൂടി കാണാതായതായി റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ദിവസം പത്താന്‍കോട്ടില്‍ നിന്നും ഡ്രൈവറെ കൊലപ്പെടുത്തി
മോഷ്ടിച്ച കാറും, ഐ.ടി.ബി.പിഐജിയുടെ കാറും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവയ്ക്കായുള്ള തിരച്ചിലിനായി അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. അതിനിടെയാണ് മൂന്നാമതൊരു കാര്‍ കൂടി കാണാതായിരിക്കുന്നത്.
വാഹനങ്ങള്‍ മോഷണം പോയ സാഹചര്യത്തില്‍ ഡല്‍ഹിയിലെ റോഡുകളില്‍ വാഹനപരിശോധനയ്ക്ക് കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
നഗരത്തിലെങ്ങും നിരീക്ഷണ ക്യാമറകള്‍ കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്. രാജ്പഥിലും ഇന്ത്യാ ഗേറ്റിലും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ 90 മിനിറ്റാക്കി കുറയ്ക്കുകയും ചെയ്തു.