ന്യൂഡൽഹി : ഭീകരവാദത്തിനെതിരെ ശക്തമായ സന്ദേശവുമായി രാഷ്‌ട്രപതി പ്രണബ് മുഖർജി . ബുള്ളറ്റുകൾ പെയ്യുമ്പൊൾ സമാധാനം സംസാരിക്കാനാകില്ലെന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ തലേദിവസം രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ഭീകരത കൃത്യമായ ഉപകരണം കൊണ്ട് മുറിച്ചു മാറ്റേണ്ട അർബുദമാണെന്ന് പ്രഖ്യാപിച്ച രാഷ്‌ട്രപതി ഭീകരതയിൽ നല്ലതും തീയതുമില്ലെന്ന് ചൂണ്ടിക്കാട്ടി. രാഷ്‌ട്രങ്ങൾ തമ്മിൽ എല്ലാക്കാര്യത്തിലും യോജിക്കാൻ കഴിയില്ലെന്നത് സാധാരണമാണ് . ഇത് മറികടക്കാൻ നിരന്തരമായ ചർച്ചകൾ ആവശ്യമാണ് . എന്നാൽ ബുള്ളറ്റുകൾ വർഷിക്കുമ്പോൾ സമാധാന ചർച്ചകൾ നടത്താനാകില്ല .
ലോകത്തിന്റെ പ്രകാശഗോപുരമായി മാറാൻ കഴിയുന്ന ഒരവസ്ഥയിലാണ് ഭാരതം . പ്രതികൂലമായ സാഹചര്യങ്ങളുണ്ടെങ്കിൽ പോലും ഭാരതത്തിനത് കഴിയും . അയൽ രാജ്യങ്ങളുമായി പാരമ്പര്യമായും ചരിത്രപരവുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് മാനവികമായ കാഴ്ചപ്പാടോടെ മാതൃകാപരമായി മുന്നോട്ട് പോകാൻ നമുക്ക് കഴിയും . പ്രണബ് മുഖർജി വ്യക്തമാക്കി.
മാതൃഭൂമിയോടുള്ള സ്നേഹമാണ് രാഷ്‌ട്രപുരോഗതിയുടെ ആധാരം . ദേശീയതയുടെ ആണിക്കല്ലെ രാഷ്‌ട്രത്തിനെ പൈതൃകത്തോടുള്ള ബഹുമാനമാണ് . എല്ലാ പൗരന്മാർക്കും തുല്യ നീതിയും സമത്വവും ഉറപ്പ് വരുത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടെ പാരമ്പര്യം. അദ്ദേഹം ചൂണ്ടിക്കാട്ടി.
മേക്ക് ഇൻ ഇന്ത്യ, സൻസദ് ആദർശ് ഗ്രാമ യോജന , സ്വച്ഛഭാരതം , ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളെ രാഷ്‌ട്രപതി പ്രശംസിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ , പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടങ്ങിയ പദ്ധതികളും റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ ഇടം പിടിച്ചു .
രവീന്ദ്രനാഥ ടാഗോറിന്റെ പദ്യശകലം ഉദ്ധരിച്ചു കൊണ്ട് പുതിയ കാലത്തെ വരവേൽക്കാൻ മുന്നോട്ടുപോകാനാഹ്വാനം ചെയ്തുകൊണ്ടാണ് രാഷ്‌ട്രപതി റിപ്പബ്ലിക്ക് ദിന സന്ദേശം അവസാനിപ്പിച്ചത് .