മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നും ഇവിടം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നും താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്. ഇന്ത്യ വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഒരിക്കലും അങ്ങനൊരു നീക്കം നടത്തില്ലെന്നും ആമിര്‍ ഖാന് പറഞ്ഞു. രംഗ് ദേ ബസന്തിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടന്ന ചടങ്ങിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്.
താന്‍ പറഞ്ഞ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് താന്‍. ഇനിയൊരിക്കലും മാദ്ധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും തന്നെ വേദനിപ്പിച്ചതുപോലെ മറ്റ് പലരെയും ഇത് വേദനിപ്പിച്ചതായും ആമിര്‍ ഖാന് പറഞ്ഞു.
വിവിധ ഭാഷകളും സംസ്കാരവും ഉള്‍ക്കൊള്ളുന്ന നാനാത്വമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ഇത്രയും നാനാത്വം അവകാശപ്പെടാനുളള മറ്റൊരു രാജ്യവും ഇല്ല. അതു തന്നെയാണ് ഇന്ത്യയുടെ ശക്തിയും. രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തരുതെന്നും ആമിര്‍ ഖാന് അഭ്യര്‍ത്ഥിച്ചു.
തന്റെ വാക്കുകള്‍ കേട്ട് ജനങ്ങള്‍ക്ക് രോഷമുണ്ടായതിനെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ലെന്ന് ആമിര്‍ ഖാന് പറഞ്ഞു. ജനങ്ങളുടെ വികാരം തനിക്ക് മനസിലാകും. പക്ഷെ തന്റെ വാക്കുകള്‍ അങ്ങനെയായിരുന്നില്ലെന്ന് അവര്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.