ന്യൂഡല്‍ഹി: ബിഎസ്എഫിന്റെ ഒട്ടകസേനയ്ക്ക് ഗൂഗിളിന്റെ ആദരം. ഭാരതത്തിന്റെ അറുപത്തിയേഴാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡൂഡില്‍ പുറത്തിറിക്കിയാണ് ഗൂഗിള്‍ ഒട്ടകസേനയ്ക്ക് ആദരമര്‍പ്പിച്ചത്. അണിയിച്ചൊരുക്കിയ ഒട്ടകങ്ങളുടെ പുറത്ത് സേനയിലെ ബാന്‍ഡ് ഉപകരണങ്ങളുമായി ഇരിക്കുന്ന സൈനികരുടെ ചിത്രമാണ് ഡൂഡിലില്‍ ഉള്‍പ്പെടുത്തിയത്.
ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട വാര്ത്തകളിലേക്കാകും എത്തുക. രാജസ്ഥാനിലെ താര് മരുഭൂമിയില്‍ ബിഎസ്എഫ് സൈനികര്‍ പട്രോളിംഗ് നടത്തുന്നത് ഒട്ടകപ്പുറത്താണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ മേഖലയില്‍ പട്രോളിംഗ് ഒഴിച്ചുകൂടാനാകാത്തതുമാണ്. അങ്ങനെയാണ് ഒട്ടകങ്ങള്‍ ബിഎസ്എഫിന്റെ ഭാഗമാകുന്നത്.
കഴിഞ്ഞ അറുപത്തിയാറ് വര്‍ഷമായി ഡല്‍ഹിയിലെ റിപ്പബ്ലിക് പരേഡില്‍ ഈ ഒട്ടകസേന പങ്കെടുക്കാറുണ്ട്. ഇക്കുറി ഡെപ്യൂട്ടി കമാന്‍ഡന്റ് കുല്‍ദീപ് ജെ ചൗധരിയുടെ നേതൃത്വത്തിലായിരുന്നു ഒട്ടകസേന രജ്പഥില്‍ പരേഡിന് അണിനിരന്നത്. 56 ഒട്ടകങ്ങളായിരുന്നു ഇക്കുറി പരേഡില്‍ പങ്കെടുത്തത്. ഇവരെക്കൂടാതെ ഒട്ടകസേനയുടെ ഭാഗമായ 34 അംഗ ബാന്‍ഡ് സംഘവും ഉണ്ടായിരുന്നു.