ന്യൂഡൽഹി : ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ സാദ്ധ്യതയുള്ള നീക്കവുമായി കേന്ദ്രസർക്കാർ . കാൻസറിനും ഹൃദ്രോഗത്തിനുമുള്ളതുൾപ്പെടെ 439 ജീവൻ രക്ഷാ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് നേരിട്ടു വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനം . ജന ഔഷധി ഔട്ട്ലെറ്റുകൾ വഴിയാണ് വിൽപ്പന നടത്തുന്നത്.
നാൽപ്പത് ശതമാനം മുതൽ അൻപത് ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ വിൽക്കും . ഒപ്പം ശസ്ത്രക്രിയ വഴി ശരീരത്തിൽ ഘടിപ്പിക്കുന്ന വസ്തുക്കളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. അടുത്ത മാർച്ചിനകം 300 ജന ഔഷധി കേന്ദ്രങ്ങൾ തുറക്കാനാണ് തീരുമാനം . 2017 നുള്ളിൽ 3000 കേന്ദ്രങ്ങൾ തുറക്കും.
ഡയബറ്റിസ്, ഹൃദ്രോഗം , കാൻസർ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയാൻ സർക്കാർ നീക്കം സഹായിക്കും . പ്രധാനമന്ത്രിയുടെ ഓഫീസാണ് പദ്ധതിയുടെ മേൽ നോട്ടം വഹിക്കുന്നത്. മോദി സർക്കാർ അധികാരമേറ്റതിനു ശേഷം വില നിയന്ത്രണ പട്ടികയിൽ നിരവധി അവശ്യ മരുന്നുകൾ ഉൾപ്പെടുത്തിയിരുന്നു.
2008 ൽ യു പി എ സർക്കാർ കൊണ്ടു വന്ന പദ്ധതിയായിരുന്നു ജന ഔഷധി . എന്നാൽ മരുന്നു കമ്പനികളുടെ സമ്മർദ്ദം മൂലം പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമം യു പി എ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. എന്നാൽ എൻ ഡി എ സർക്കാർ കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടക്കം മുതൽ ആരംഭിച്ചിരുന്നു .
വിലനിയന്ത്രണ പട്ടികയിൽ കൂടുതൽ മരുന്നുകൾ ഭരണത്തിന്റെ ആദ്യവർഷം തന്നെ ഉൾപ്പെടുത്തിയിരുന്നു . എന്നാൽ ഇതിനെ മറികടക്കാൻ മരുന്നു കമ്പനികൾ മറ്റ് മാർഗ്ഗങ്ങൾ അവലംബിച്ചതോടെയാണ് മരുന്നുകൾ നേരിട്ട് വാങ്ങി കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചത് . ഇതിനായി ബ്യൂറോ ഓഫ് ഫാർമ പബ്ലിക്ക് സെക്ടർ അണ്ടർടേക്കിംഗ് ഇന്ത്യ എന്ന പേരിൽ നോഡൽ ഏജൻസിയും രൂപീകരിച്ചിട്ടുണ്ട് .