കോഴിക്കോട്: സോളാര്‍ കേസിലെ സരിതയുടെ വെളിപ്പെടുത്തലിന്റ പശ്ചാത്തലത്തില്‍ കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ യുവജനസംഘടനകളുടെ പ്രതിഷേധം. മലപ്പുറത്തേയ്ക്ക് പോകാന്‍ റയില്‍വെസ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിയെ യുവമോര്‍ച്ചാ – ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി.
മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പരിപടിയില്‍ പങ്കെടുക്കുന്നതിനായി പലര്‍ച്ചെ അഞ്ചേകാലോടെയുളള മലബാര്‍ എക്സ്പ്രസിലാണ് മുഖ്യമന്ത്രി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. പ്ലാറ്റ് ഫോമില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ ആദ്യം കരിങ്കൊടി കാട്ടിയത്. ഇവിടെനിന്നും കവാടത്തിലേക്ക് എത്തവെ യുവമോര്‍ച്ചാ പ്രവര്‍ത്തകരും ഡിവൈഎഫ് ഐ പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി. തുടര്‍ന്ന് ഡിവെഎഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. പ്രവര്‍ത്തകരെ മാറ്റുന്നതിനായി പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത് സംഘര്‍ഷത്തിന് കാരണമായി.
റെയില്‍വെസ്റ്റേഷനില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്കാണ് മുഖ്യമന്ത്രി പോയത്. ഗസ്റ്റ്ഹൗസിന് പുറത്തും ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി. ഗസ്റ്റ് ഹൗസിലേയ്ക്ക് പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് പോലീസ് ലാത്തിവീശിയത് ഇവിടെയും സംഘര്‍ഷത്തിന് കാരണമായി. പ്രതിഷേധത്തെ തുടര്‍ന്ന് കോഴിക്കോട്ടെ മുഖ്യമന്ത്രിയുടെ സ്വകാര്യ പരിപാടിയും റദ്ദാക്കി. യുവജനസംഘടനകളുടെ വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.