തിരുവനന്തപുരം: സരിതയുടെ വെളിപ്പെടുത്തലിന്റേയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്തിന്റേയും ആഘാതത്തില്‍ നില്ക്കുന്ന യു.ഡി.എഫിന് മറ്റൊരു കനത്തപ്രഹരമായി ആര്.എസ്.പി നേതാവും കുന്നത്തൂര്‍ എം.എല്‍.എയുമായ കോവൂര്‍ കുഞ്ഞുമോന് രാജിവച്ചു. രാജിക്കത്ത് സ്പീക്കര്‍ എന്‍.ശക്തന് നേരിട്ട് കൈമാറി.
ആര്.എസ്.പി എല്‍.ഡി.എഫിലേക്ക് തിരിച്ചു പോകണമെന്ന് നിലപാട് കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടിയില്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ടെങ്കിലും അതിനോട് അനുകൂല നിലപാടല്ല ആര്.എസ്.പി സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്. ബാര്‍ കേസിലും സോളര്‍ കേസിലും പെട്ട് നട്ടം തിരിയുന്ന സര്‍ക്കാരിന് ഇരുട്ടടിയായിരിക്കുകയാണ് കോവൂര്‍ കുഞ്ഞുമോന്റെ അപ്രതീക്ഷിത രാജി.
യുഡിഎഫ് എംഎല്‍എയായി തുടരാന്‍ ഇനി കഴിയില്ലെന്നും സര്‍ക്കാര്‍ അഴിമതിയില്‍ മൂടിയിരിക്കുകയാണെന്നും യുഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് കേരളത്തിലെ ആര്‍എസ്പി പ്രവര്‍ത്തകരുടെ പൊതുനിലപാടെന്നും രാജിക്കത്ത് നല്‍കിയശേഷം കുഞ്ഞുമോന് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.