കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന് മുഹമ്മദും ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ബാര്‍ കോഴ കേസില്‍ കെ.ബാബുവിന് വേണ്ടി ഹാജരായ അഡ്വ.ശ്രീകുമാറാണ് ഇവര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക.
കെ.ബാബുവിനെതിരായ ഉത്തരവിന് സ്റ്റേ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും ആര്യാടന് മുഹമ്മദും ഹൈക്കോടതിയെ സമീപിക്കുന്നത്. ക്വിക്ക് വെരിഫിക്കേഷന് നടത്താതെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയിലെ നിയമസാധുതയും അപ്പീലില്‍ ചോദ്യം ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനും കോഴ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഏപ്രില്‍ 11ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്വേഷണ ഉത്തരവ്. സോളാര്‍ ഇടപാടില്‍ സരിതയില്‍ നിന്നും മുഖ്യമന്ത്രി ഇടനിലക്കാര്‍ വഴി 1.90 കോടി രൂപയും ആര്യാടന് 40 ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് ആരോപണം.