ആലപ്പുഴ: പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് മുഖ്യപ്രതിയുടെ വെളിപ്പെടുത്തല്‍. വ്യാജരേഖകള്‍ നല്‍കിയത് മന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍നിന്നും പി.എസ്.സി ഓഫീസില്നിന്നുമാണെന്നാണ് മുഖ്യ പ്രതി ശരണ്യയുടെ വെളിപ്പെടുത്തല്‍. പരസ്യമായി മൊഴിനല്‍കാന്‍ മടിച്ച ശരണ്യ മജിസ്ട്രേറ്റിനുമുമ്പാകെ രഹസ്യമൊഴി നല്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ട് കോടിയിലധികം രൂപയാണ് തട്ടിയത്.
പോലീസില്‍ ജോലി വാഗ്ദാനം നല്കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഹരിപ്പാട് സ്വദേശി ശരണ്യയാണ് തട്ടിപ്പിനുപിന്നില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസാണെന്ന് മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയത്, അഭ്യന്ത്രമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് വേണുവാണ് സഹായം നല്‍കിയതെന്ന് ശരണ്യ പറയുന്നു. തൃക്കുന്നപ്പുഴ എസ്.ഐ പീഡിപ്പിച്ചത് മറച്ചുവെക്കാന്‍ കായംകുളം ഡി.വൈ.എസ്.പി ദേവമനോഹര്‍ ഉപദ്രവിച്ചു. തൃക്കുന്നപ്പുഴ സ്വദേശിയായ എ ഗ്രൂപ്പില്‍ പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സഹായം ലഭിച്ചിരുന്നെന്നും ശരണ്യമൊഴിനല്കിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത് കേരള പോലീസിന്റെ സീലും ലെറ്റര്‍പാഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ജീവനക്കാരാണ് തന്നെ സഹായിച്ചത്. പി.എസ്.സി ഓഫീസില്‍നിന്നും അവധി ദിവസങ്ങളിലാണ് രേഖകള്‍ സംഘടിപ്പിച്ചുതന്നിരുന്നതെന്നും ശരണ്യ വെളിപ്പെടുത്തുന്നു. തട്ടിപ്പിനു ഇരയായവര്‍ പോലീസിനു നല്കിയ പരാതിയെ തുടര്‍ന്നാണ് വാര്‍ത്ത പുറത്തായത്.