ന്യൂഡല്‍ഹി: മാനവും മര്യാദയും അവശേഷിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് മന്ത്രി സഭ പിരിച്ചുവിടണമെന്ന് മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍. കോണ്‍ഗ്രസ്സും സി.പി.എമ്മും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ സമഗ്രമായ സി.ബി.ഐ അന്വേഷണം തന്നെ വേണം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ്‌സിങുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ സി.ബി.ഐ അന്വേഷണമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിക്കുമെന്നും ഒ രാജഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയില്‍ കുളിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. തെളിവുകളും കോടതി പരാമര്‍ശങ്ങളും എല്ലാം ഉമ്മന്‍ചാണ്ടി എന്ന അഴിമതിയുടെ കേന്ദ്ര നായകനിലേക്കാണ് നയിക്കുന്നത്. ഇതിനു മുന്‍പുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ഒത്തുചേര്‍ന്ന് സോളാര്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ അഴിമതിയുടെ വേരുകള്‍ പുറത്തു കൊണ്ടു വരാന്‍ സമഗ്രമായ സി.ബി.ഐ അന്വേഷണം തന്നെ വേണം. ഇതിന് സംസ്ഥാനസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി കോടതിയെ സമീപിക്കുമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് ആഴത്തിലുള്ള ഭരണപ്രതിസന്ധി രൂപപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് മുന്‍ നയതന്ത്രഞ്ജനും ഉന്നതവിദ്യഭ്യാസ സമിതി വൈസ് ചെയര്‍മാനുമായ ടി.പി ശ്രീനിവാസനു നേരെ എസ്.എഫ്.ഐ നടത്തിയ ആക്രമണം കാടത്തമാണെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐയുടെ ആക്രമണവും പൊലീസിന്റെ കുറ്റകരമായ അലംഭാവവും അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം മാപ്പുപറയണമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.