തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.എന്‍.ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടായി മാദ്ധ്യമരംഗത്തെ ശക്തമായ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ഇന്ത്യന്‍ എക്സ്പ്രസിലൂടെ മാദ്ധ്യമരംഗത്തേയ്ക്ക് പ്രവേശിച്ച ടി.എന്‍.ഗോപകുമാര്‍ മാതൃഭൂമി, ന്യൂസ് ടുഡേ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമി മുന്‍ പത്രാധിപ സമിതി അംഗമായിരുന്നു. സിനിമാ സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്.