കോഴിക്കോട്: പൂട്ടാൻ പോകുന്ന കടയുടെ ഉടമസ്ഥൻ കാണിക്കുന്ന അസ്വസ്ഥത തന്നെയാണ് സ്വാമി ചിദാനന്ദ പുരിക്കെതിരെയുള്ള അക്രമത്തിലൂടെ സി.പി.എം വ്യക്തമാക്കുന്നതെന്ന് ആര്‍.എസ്.എസ്.അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍. ഭാരതത്തിൽ അസഹിഷ്ണുതയുണ്ടെന്നും എന്നാൽ അത് നടക്കുന്നത് ഹിന്ദുക്കള്‍ക്കെതിരെയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കേസരിയുടെ മാദ്ധ്യമ പുരസ്കാര സമര്‍പ്പണ വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിനെതിരെ വന്ന വാര്‍ത്തകളിൽ തെറ്റുപറ്റിയിട്ടും അത് തിരുത്താനുള്ള സത്യസന്ധത ഇവിടുത്തെ മാധ്യമങ്ങള്‍ കാണിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉപാദ്ധ്യക്ഷൻ ടി.പി.ശ്രീനിവാസനെതിരെ നടന്ന അക്രമത്തെ ന്യായീകരിക്കാൻ പോലും ആളുകള്‍ക്ക് അവസരം കൊടുക്കുന്ന നാണക്കേടിന്രെ മാധ്യമ പ്രവര്‍ത്തനമാണിവിടെ നടക്കുന്നതെന്നും ആര്‍.എസ്.എസ് അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. ആര്‍.എസ്.എസിനെതിരെ വെറുത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ചരിത്രം പഠിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസഹിഷ്ണുതയുണ്ടെന്ന് പറയുന്ന അവാര്‍ഡ് നാടകക്കാരൊന്നും സനൽ ഇടമറുകിനെക്കുറിച്ചും തസ്ലീമ നസ്രിനെക്കുറിച്ചും എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല, ഇപ്പോള്‍ ഇവിടെ മാദ്ധ്യമങ്ങള്‍ നടത്തുന്നത് സെലക്ടീവ് റിപ്പോര്‍ട്ടിങ്ങും സെലക്ടീവ് ചര്‍ച്ചയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസരിയുടെ മാദ്ധ്യപുരസ്കാര വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2014ലെ കേസരി രാഷ്‌ട്രസേവാ പുരസ്കാരം മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ കെ.രാമചന്ദ്രനും യുവമാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്കാരം ബിജു തറയിലിനും കവി രമേശൻ നായര്‍ സമ്മാനിച്ചു.