തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി ശ്രീനിവാസനെ ആക്രമിച്ച നേതാവിനെ ചുമതലയില്‍ നിന്ന് നീക്കിയതായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ് ശരതിനെയാണ് ചുമതലയില്‍ നിന്ന്് പുറത്താക്കിയത്. അക്രമം സിപിഎമ്മിനെപ്പോലും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് അടിയന്തര നടപടി.
ശരത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ടി.പി ശ്രീനിവാസനെ അക്രമിച്ചവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും വ്യക്തികളെ അക്രമിച്ചുകൊണ്ടല്ല ഒരു നയത്തെ എതിര്‍ക്കേണ്ടതെന്നും വി.എസ് കുറ്റപ്പെടുത്തിയിരുന്നു.
ഇന്നലെയായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവം ഉണ്ടായത്. ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെതിരേ പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐക്കാര്‍ ടി.പി ശ്രീനിവാസന് എത്തിയപ്പോള്‍ തടയുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹം തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോഴായിരുന്നു പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന ശരത് അദ്ദേഹത്തെ പിന്നില്‍ നിന്ന് കരണത്തടിച്ചത്.
ശക്തമായ അടികൊണ്ട് അദ്ദേഹം താഴെ വീഴുകയും ചെയ്തു. സംഭവത്തില്‍ എസ് എസ്എഫ്ഐയുടെ പ്രവര്‍ത്തി അതിരുകടന്നതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും വിമര്‍ശിച്ചിരുന്നു. ഇത്തരം നടപടികളെ അംഗീകരിക്കാനാകില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് സിവില്‍ പൊലീസുകാര്‍ക്കും ഒരു എസ്ഐയ്ക്കുമെതിരെയും നടപടി സ്വീകരിച്ചിരുന്നു.