തിരുവനന്തപുരം/തൃപ്പൂണിത്തുറ: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച എക്സൈസ് മന്ത്രി കെ. ബാബു രാജി പിന്‍വലിച്ചു. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്ന യുഡിഎഫ് തീരുമാനത്തിന് പിന്നാലെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെങ്കിലും രാജി പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നാണ് ബാബുവിന്റെ വിശദീകരണം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വങ്ങള്‍ക്ക് കീഴ്പ്പെട്ട് ജീവിക്കാന്‍ ബാദ്ധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ മുന്നണിക്കോ പാര്‍ട്ടിക്കോ ഒരു അലോസരം ഉണ്ടാക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും കെ. ബാബു പറഞ്ഞു. തനിക്കെതിരേ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തുവെന്നും അതുകൊണ്ട് തന്നെ രാജിവെച്ച സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കെ. ബാബു പറഞ്ഞു.
ബാര്‍ കോഴക്കേസിന് പിന്നാലെ സോളാര്‍ കേസില്‍ സരിതയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനുമെതിരേ കേസെടുക്കാനും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഹൈക്കോടതി രണ്ട് വിധികളും സ്റ്റേ ചെയ്തെങ്കിലും വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും ആര്യാടനും രാജിവെയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. കെ. ബാബുവിന്റെ രാജി അംഗീകരിക്കുകയാണെങ്കില്‍ രാജിവെയ്ക്കാന്‍ മുഖ്യമന്ത്രിക്കും ആര്യാടനും മേല്‍ ശക്തമായ സമ്മര്ദ്ദമുണ്ടാകുമായിരുന്നു. ഇത് തടയാന്‍ വേണ്ടിയാണ് കെ. ബാബുവിനെ മന്ത്രിസഭയിലേക്ക് തിരിച്ചു വിളിപ്പിച്ചതെന്നാണ് വിവരം.
വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയോടുള്ള തന്റെ അചഞ്ചലമായ കൂറ് വ്യക്തമാക്കി കെ. ബാബു പറഞ്ഞ കാര്യങ്ങളും ഇതിന് തെളിവാണ്. തന്റെ ഇന്നത്തെ ഉയര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച ആളാണ് മുഖ്യമന്ത്രി അതുകൊണ്ട് തന്നെ അദ്ദേഹത്തിനില്ലാത്ത പ്രതിച്ഛായ തനിക്ക് വേണ്ടെന്നുമായിരുന്നു കെ. ബാബുവിന്റെ വാക്കുകള്‍. കെ. ബാബുവിന്റെ രാജി അംഗീകരിക്കേണ്ടെന്ന് തീരുമാനിച്ചതിന് പുറമേ കെ.എം മാണിയെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരാനും യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്.