തിരുവനന്തപുരം/കോട്ടയം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്ന കെ.എം മാണിയെ മന്ത്രിസഭയിലേക്ക് തിരിച്ചുവിളിക്കാന്‍ യുഡിഎഫ് തീരുമാനം. എന്നാല്‍ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫുമായി വിലപേശലിനുളള തയ്യാറെടുപ്പിലാണ് മാണി വിഭാഗമെന്നാണ് സൂചന.
ബാര്‍ കോഴയില്‍ കെ. ബാബുവിനെതിരായ കോടതി പരാമര്‍ശവും സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന് മുഹമ്മദിനുമെതിരായ കോടതി നടപടികളുമാണ് മാണിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് യുഡിഎഫ് നേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്. മുഖ്യമന്ത്രിയെയും ആര്യാടനെയും രക്ഷിക്കാന്‍ കെ. ബാബുവിനോട് രാജി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സമാനമായ അവസ്ഥയില്‍ രാജിവെച്ച കെ.എം മാണിയും കൂട്ടരും പ്രശ്നമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പായിരുന്നു.
ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാതെ മുഖ്യമന്ത്രി ദിവസങ്ങളോളം സൂക്ഷിച്ചതിന്റെ പേരില്‍ തന്നെ കേരള കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ.എം മാണിയെ വിളിച്ചുവരുത്തി മുള്‍മുനയില്‍ നിര്‍ത്തി രാജിവെപ്പിച്ച കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് സ്വന്തം മന്ത്രിമാരുടെ കാര്യത്തില്‍ ഈ ഒളിച്ചുകളി നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം. തന്നെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് കെ.എം മാണിക്കുണ്ടായ അതൃപ്തിയും ഇതുവരെ നീങ്ങിയിട്ടില്ല.
മാണിയെ രാജിവെയ്പിക്കുകയും കെ. ബാബുവിനെയും മുഖ്യമന്ത്രിയെയും ആര്യാടനെയും സംരക്ഷിക്കുകയും ചെയ്തതുവഴി കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നണിക്കുളളില്‍ തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുക്കാനാകും മാണിയുടെ നീക്കം. പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ മുന്നണിയെ പിന്തുണയ്ക്കുകയും എന്നാല്‍ മുന്നണി ചര്‍ച്ചകളില്‍ നിലപാട് അവതരിപ്പിക്കുകയുമാകും മാണി അവലംബിക്കുക.
മന്ത്രിസഭയില്‍ തിരികെയെത്താന്‍ ധൃതിയില്ലെന്നും കാര്യങ്ങള്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നുമുള്ള മാണിയുടെ വാക്കുകള്‍ ഇതിന്റെ സൂചനയാണ് നല്‍കുന്നത്. പ്രധാന വിഷയമായതിനാല്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയുമായി ആലോചിച്ച് മാത്രമേ യുക്തമായ തീരുമാനം കൈക്കൊള്ളാന്‍ ആകൂവെന്നും മാണി പറയുന്നു.