കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജു. സ്ഥലമനുവദിക്കാതെ കേന്ദ്ര സര്‍ക്കാരിന് കരിപ്പൂരില്‍ കൂടുതല്‍ വികസനം നടത്താന്‍ സാധിക്കില്ല. വേനലവധിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസ് നടത്തുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും വ്യോമയാന വകുപ്പും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും തുല്യ നിലയിലാണ് പരിഗണിക്കുന്നത്. ഏതെങ്കിലും ഒരു വിമാനത്താവളത്തോട് വിവേചനം കാട്ടുന്നുവെന്ന പ്രചരണത്തില്‍ അടിസ്ഥാനമില്ല. കരിപ്പൂര്‍ വിമാനത്താവളം അടച്ചിടേണ്ടി വന്നത് അറ്റകുറ്റപ്പണികള്ക്കാണെന്നും പണി പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം തുടര്‍ വികസനത്തിന് സ്ഥലമേറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയര്‍ക്ക് സഹായകമായി വേനലവധിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കും. അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രതിവാര സര്‍വ്വീസ് 96ല്‍ നിന്ന് 119 ആയി വര്‍ദ്ധിപ്പിക്കും. കരിപ്പൂരില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്കുളള സര്‍വ്വീസ് 44 ല്‍ നിന്ന് 63 ആക്കി മാറ്റുമെന്നതോടൊപ്പം ദുബായിലേക്ക് ദിവസേന ഒരു വിമാന സര്‍വ്വീസ് കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.