തുർക്കി – റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. റഷ്യൻ യുദ്ധവിമാനം വ്യോമാതിർത്തി ലംഘിച്ചതായി തുർക്കി ആരോപിച്ചു. അതിക്രമം വീണ്ടും തുടർന്നാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് തുർക്കി റഷ്യക്ക് മുന്നറിയിപ്പ് നൽകി.
സിറിയയിലെ മെയ്മിം വ്യോമതാവളത്തിൽ നിന്നുള്ള റഷ്യയുടെ SU-34 ജെറ്റ് ബോംബർ വിമാനം അതിർത്തി ലംഘിച്ചുവെന്നാണ് തുർക്കിയുടെ ആരോപണം. സംഭവത്തെ കുറിച്ച് അങ്കാറയിലെ റഷ്യൻ അംബാസിഡറെ വിളിച്ച് തുർക്കി ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചു.
നവംബറിൽ റഷ്യൻ ജെറ്റ് വിമാനം തുർക്കി വെടിവെച്ചിട്ട ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. റഷ്യ വീണ്ടും അതിർത്തി ലംഘിച്ചാൽ കടുത്ത നടപടികളുണ്ടാവുമെന്ന് തുർക്കി പ്രസിഡന്റ് റെസപ് തയ്യിപ്പ് എർദോഗൻ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങൾ അതിർത്തി ലംഘിച്ചെന്ന ആരോപണം റഷ്യ നിഷേധിച്ചു. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെ തുണയ്ക്കുന്ന റഷ്യ വിമതരെ ലാക്കാക്കി സെപ്റ്റംബർ മുതൽ കടുത്ത വ്യോമാക്രമണമാണ് നടത്തിവരുന്നത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് എർദോഗൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. തുർക്കിയുമായി തുടരുന്ന അസ്വാരസ്യങ്ങൾ ഇല്ലാതാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി എർദോഗാൻ കൂടിക്കാഴ്ച നടത്താനും ശ്രമിക്കുന്നുണ്ട്. ബന്ധം മോശമായതിനെ തുടന്ന് റഷ്യ തുർക്കിക്ക് മേൽ ചില ഉപരോധങ്ങൾ ഏർപ്പെടുത്തിയതും സ്ഥിതിഗതികൾ വഷളാക്കി.