ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്ന സംസ്ഥാനമെന്ന ദുഷ്പേര് പഴങ്കഥയാക്കിയ ഹരിയാനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ ആദ്യ മന് കി ബാത്തില്‍ പ്രധാനമന്ത്രി ഹരിയാനയെ അഭിനന്ദിച്ചത്.
ആണ്-പെണ് അനുപാതത്തില്‍ സംസ്ഥാനത്തെ 12 ജില്ലകള്‍ റെക്കോഡ് നേട്ടം കൈവരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. രാജ്യത്ത് ഏറ്റവും കുറവ് സ്ത്രീ-പുരുഷ അനുപാതം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഹരിയാന. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ ജനനനിരക്ക് പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ സംസ്ഥാനത്തിനായി ആവിഷ്കരിച്ചിരുന്നു.
ബേഠി ബച്ചാവോ ബേഠി പഠാവോ, സുകന്യ സമൃദ്ധി യോജന, ഹരിയാന കന്യാ കോശ്, ആപ്കി ബേഠി ഹമാരി ബേഠി തുടങ്ങിയ പദ്ധതികളായിരുന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചത്. ഈ പദ്ധതികള്‍ ഫലം കണ്ടുവെന്നതിന്റെ തെളിവാണ് പുതിയ രേഖകള്‍. അനധികൃതമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന ശ്രദ്ധയില്‍ പെടുത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
കര്‍ഷകരുടെ ജീവിത ദുരിതങ്ങള്‍ പൂര്‍ണ്ണമായും പരിഹരിയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പദ്ധതികള്‍ മാത്രമാണ് കര്‍ഷകരുടെ ദുരിതത്തിന് ആശ്വാസം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കര്‍ഷകര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം മന് കി ബാത്തില്‍ പരാമര്‍ശിച്ചത്.
ഖാദിയുടെ ഉപഭോഗം പ്രാത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമായി ഖാദി മാറിക്കഴിഞ്ഞു. രാജ്യത്തെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കഴിവ് ഖാദിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.