കണിച്ചുകുളങ്ങര: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന് ഇനി സിഐഎസ്എഫിന്റെ സുരക്ഷ. സിഐഎസ്എഫിന്റെ 13 അംഗ സംഘമാണ് വെളളാപ്പള്ളിയുടെ സുരക്ഷയ്ക്കായി കണിച്ചുകുളങ്ങരയില്‍ എത്തിയത്. തീവ്രവാദ ഭീഷണിയെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വൈ കാറ്റഗറി സുരക്ഷ വെളളാപ്പള്ളിക്ക് ഒരുക്കിയത്.
അടുത്തിടെ എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷ സമുദായങ്ങളെ കോര്‍ത്തിണക്കി ഭാരത് ധര്‍മ ജനസേന എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് മുന്നോടിയായി സമത്വ മുന്നേറ്റ യാത്ര എന്ന പേരില്‍ കേരളമൊട്ടുക്കും പര്യടനവും വെളളാപ്പള്ളി നടത്തിയിരുന്നു. ഇതിനിടയില്‍ നിരവധി ഭീഷണികളാണ് ഫോണിലൂടെയും കത്തിലൂടെയും വെളളാപ്പള്ളിക്കും മകന് തുഷാര്‍ വെളളാപ്പള്ളിക്കും ലഭിച്ചത്.
ഭീഷണികളില്‍ അധികവും വെളളാപ്പള്ളി സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ പേരിലായിരുന്നു. അല്‍ ഉലമ എന്ന ഭീകരസംഘടനയും വെളളാപ്പള്ളിക്കെതിരേ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ വെളളാപ്പള്ളിയുടെ വീടും പരിസരവും പരിശോധിച്ച് സുരക്ഷാ സംവിധാനത്തിന്റെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇന്ന് രാവിലെ പതിമൂന്നംഗ സംഘം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി. വെളളാപ്പള്ളിയുടെ ഓഫീസിന്റെ മുകള്‍ നിലയിലാണ് ഇവര്‍ക്കുളള താമസസൗകര്യം. ഭക്ഷണം പാചകം ചെയ്തു കൊടുക്കാന്‍ പ്രത്യേക പാചകക്കാരനെയും വെളളാപ്പള്ളി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓഫീസിനും വീടിനും 24 മണിക്കൂറും കാവല്‍ ഉണ്ടാകും. ഇതിന് പുറമേ വീടിന് പുറത്തുള്ള യാത്രകളില്‍ രണ്ട് കമാന്‍ഡോകള്‍ അനുഗമിക്കും. നിലവില്‍ കേരള പൊലീസിലെ നാല് പേര് വെളളാപ്പള്ളിക്ക് സുരക്ഷ നല്‍കുന്നുണ്ട്. ഇത് കൂടാതെയാകും സിഐഎസ്എഫും വെളളാപ്പള്ളിക്ക് സുരക്ഷയേകുക.