കൊച്ചി: ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടാറും മുന്‍പേ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് പിളര്‍ന്നു. വി.എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബദല്‍ സംഘടന രൂപീകരിക്കുകയായിരുന്നു. നിലവിലുള്ള നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കൊച്ചിയില്‍ യോഗം ചേര്‍ന്ന് ഇവര്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ അസോസിയേഷന് എന്ന പുതിയ സംഘടന രൂപീകരിച്ചത്.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനില്‍ അംഗങ്ങളായിരുന്ന എണ്‍പത് പേരാണ് കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ബാര്‍ ലൈസന്‍സ് നേടാനുള്ള പോരാട്ടമാണ് പുതിയ സംഘടനയുടെ മുഖ്യലക്ഷ്യമെന്നു വി.എം രാധാകൃഷ്ണന് പറഞ്ഞു. ബാര്‍ ലൈസന്‍സ് കിട്ടുന്നതിനു വേണ്ടി സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേരും. എന്നാല്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ കക്ഷി ചേരില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞു അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയുടെ കണക്കു ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളോട് ആവശ്യപ്പെടുമെന്നും വി.എം രാധാകൃഷ്ണന് പറഞ്ഞു.
പല കാരണങ്ങള്‍ പറഞ്ഞു കോടികളാണ് പിരിച്ചതെന്ന് പുതിയ സംഘടനയുടെ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കൃത്യമായ കണക്കുകളും ഹാജരാക്കിയിട്ടില്ല. ഇതോടൊപ്പം അസോസിയേഷനെതിരെയുള്ള കേസുകളില്‍ എന്ത് നിലപാടെടുക്കണമെന്ന കൃത്യമായ നിര്‍ദേശവും നേതൃത്വം നല്‍കിയിട്ടില്ലെന്ന് പുതിയ സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഏറെക്കാലമായി നില നിന്ന അഭിപ്രായ ഭിന്നതകളാണ് സംഘടനയെ പിളര്‍പ്പിലേക്ക് നയിച്ചത്.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനിലെ പിളര്‍പ്പ്. പുതിയ നീക്കം സംഘടനയെയും ബാര്‍ കോഴക്കേസിലെ തുടര്‍ നടപടികളെയും ദുര്ബ്ബലപ്പെടുത്തുമെന്ന വാദവും ഉയരുന്നുണ്ട്.