കൊച്ചി: തന്റെ വാക്കുകളില്‍ സത്യമുള്ളതുകൊണ്ടാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. സത്യം പറയുന്നതാണോ സര്‍ക്കാരിനെ തകര്‍ക്കാനുളള ഗൂഢാലോചനയെന്നും സരിത ചോദിച്ചു. സര്‍ക്കാരിനെ തകര്‍ക്കാനാണ് തന്റെ ആരോപണങ്ങളെന്ന വാദം ദുര്‍ബ്ബലമാണെന്നും കടലാസിന്റെ വില പോലുമില്ലെന്നും സരിത പറഞ്ഞു.
സോളാര്‍ കമ്മീഷനില്‍ ഹാജരാകുന്നതിന് മുന്‍പായി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത. താന്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെളിയിക്കാനാവശ്യമായ പരമാവധി തെളിവുകള്‍ കമ്മീഷന് നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി. താന്‍ പറയുന്ന കാര്യങ്ങളില്‍ താന്‍ തന്നെ തെളിവുകള്‍ നല്‍കേണ്ട സ്ഥിതിയാണെന്നും ഇത് തന്റെ കേസുകളില്‍ മാത്രമേ സംഭവിച്ചിട്ടുളളൂവെന്നും സരിത പറഞ്ഞു. അന്വേഷണ ഏജന്‍സിയാണ് സാധാരണ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അതില്ലാത്തതിനാലാണ് തനിക്ക് തെളിവുകള്‍ നല്‍കേണ്ടി വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ നടത്തിയ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ കമ്മീഷന് കൈമാറുമെന്നും സരിത വ്യക്തമാക്കി. ബാറുടമ എലഗന്‍സ് ബിനോയിയുമായി പരിചയമുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് കാര്യങ്ങള്‍ പറയാന്‍ മറ്റൊരാളുടെ പിന്തുണ വേണ്ടെന്നും തന്റെ കാര്യങ്ങള്‍ പറയാന്‍ തനിക്ക് ചങ്കുറപ്പുണ്ടെന്നുമായിരുന്നു സരിതയുടെ പ്രതികരണം. തന്റെ അമ്മയെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചാലും നടക്കില്ലെന്നും സരിത പറഞ്ഞു.